
കണ്ണൂരിൽ വഖഫ് ഭൂമി തർക്കത്തിൽ സിപിഎമ്മും മുസ്ലീം ലീഗും നേർക്കുനേർ. തളിപ്പറമ്പിലെ സർ സയ്യിദ് കോളേജ് മാനേജ്മെൻറ് വഖഫ് ഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്നാണ് സിപിഎം ഉയർത്തുന്ന ആക്ഷേപം. കാനന്നൂർ ഡിസ്ട്രിക്സ്റ്റ് മുസ്ലിം എഡ്യുക്കേഷണൽ അസോസിയേഷന് കീഴിലുള്ള കോളജ് സ്ഥിതി ചെയ്യുന്നത് ജുമാ അത്ത് പളളിയുടെ ഭൂമിയിലാണ്. ഈ സ്ഥലം വ്യാജരേഖയുണ്ടാക്കി കൈക്കലാക്കാൻ നീക്കം നടത്തിയെന്ന ആരോപണമാണ് സിപിഎം ഉയർത്തുന്നത്.
ലീഗ് നേതാക്കളാണ് കോളജ് ഭരണസമിതിയിലുള്ളത്. പാണക്കാട് തങ്ങൾ ഖാസിയായ പളളിയുടെ സ്ഥലം കൈക്കലാക്കാൻ ഇവർ നീക്കം നടത്തിയെന്നാണ് സിപിഎം ഉയർത്തുന്ന ആരോപണം. തണ്ടപ്പേർ ഉൾപ്പെടെ റവന്യൂ രേഖകളിൽ കൃത്രിമം കാണിച്ച് മാനേജ്മൻറ് ഭൂമി തട്ടിയെടുത്തെന്നാണ് ആരോപണം. തണ്ടപ്പേർ പളളിയുടെ പേരിലേക്ക് മാറ്റുന്നതിനെതിരെ മാനേജ്മെൻറ് കോടതിയിൽ നൽകിയ ഹർജിയിൽ ഇത് വ്യക്തമാണെന്നും സിപിഎം ആരോപണം ഉയർത്തുന്നുണ്ട്.
എന്നാൽ, കോളേജിൻറെ സ്ഥലം വഖഫ് ഭൂമിയാണെന്നും ഉടമസ്ഥാവകാശം ഉന്നയിച്ചിട്ടില്ലെന്നും കോളജ് മാനേജ്മെൻറ് വിശദീകരിക്കുന്നു. സിപിഎം നുണ പറയുന്നുവെന്നാണ് മാനേജ്മെന്റിന്റെ കുറ്റപ്പെടുത്തൽ. ഭൂമിയിൽ ഉടമസ്ഥാവകാശമില്ലെന്നും അത് വഖഫ് ഭൂമി തന്നെയാണെന്നും 57 വർഷമായി നികുതിയൊടുക്കുന്നതായും സിഡിഎംഇഎ സെക്രട്ടറി അള്ളാംകുളം മഹമൂദ് പറഞ്ഞു.











